ലണ്ടൻ: ലസ്സ പനി ബാധിച്ച് യു.കെയിൽ ആദ്യ മരണം സ്ഥിരീകരിച്ചു. ബെഡ്ഫോർഡ്ഷെയറിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ആളാണ് മരണപ്പെട്ടത്. ഇംഗ്ലണ്ടിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ മൂന്നായി ഉയർന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ് പനി സ്ഥിരീകരിച്ച എല്ലാവരും. ഇവർ സമീപകാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് യാത്ര നടത്തിയിരുന്നു. സ്ഥിരീകരിച്ച കേസുകളിൽ ഒരാൾ സുഖം പ്രാപിച്ചു. മറ്റൊരാൾ റോയൽ ഫ്രീ ലണ്ടൻ ഫൗണ്ടേഷൻ ട്രസ്റ്റിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കണ്ടിരുന്ന വൈറൽ രോഗമാണ് ലസ്സ പനി. 1969ൽ ആദ്യമായി കേസുകൾ കണ്ടെത്തിയത് നൈജീരിയയിലെ ലസ്സ നഗരത്തിലാണ്. ഇതോടെയാണ് വൈറസിന് ലസ്സ എന്ന് പേര് നൽകിയത്. 1980-കൾ മുതൽ ഇംഗ്ലണ്ടിൽ 10 ലസ്സ പനി കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അവസാനത്തെ രണ്ട് കേസുകൾ 2009 ൽ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ലസ്സ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് ലസ്സ പനി, ഇത് സാധാരണയായി ഭക്ഷണം അല്ലെങ്കിൽ എലികളുടെ മൂത്രമോ മലമോ കലർന്ന വീട്ടുപകരണങ്ങൾ സമ്പർക്കം പുലർത്തുന്നതിലൂടെ ആളുകളെ ബാധിക്കുന്നു. രോഗബാധിതമായ ശരീര സ്രവങ്ങളിലൂടെയും വൈറസ് പകരാം. എലികളുടെ എണ്ണം കൂടുതലുള്ള പടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ലസ്സ പനി ബാധിക്കാനുള്ള സാധ്യത കൂടുതൽ. ഈ അസുഖം ഒരു വൈറൽ ഹെമറാജിക് പനിയാണ്, അതായത് ഇത് ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെ ബാധിക്കും, ഒപ്പം രക്തസ്രാവവും ഉണ്ടാകാം. ലസ്സ പനി ഉള്ള മിക്ക ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കും. എന്നിരുന്നാലും, ചില വ്യക്തികളിൽ ഗുരുതരമായ രോഗം ഉണ്ടാകാം.
