
മനാമ: ബഹ്റൈനില്‍ ഭൂമി കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ യഥാര്‍ത്ഥ പട്ടയത്തിന് പകരമായി ഔദ്യോഗികമായി ഉപയോഗിക്കാന്‍ കഴിയുന്ന താല്‍ക്കാലിക ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് സര്‍വേ ആന്റ് ലാന്‍ഡ് രജിസ്ട്രേഷന് ബ്യൂറോ (എസ്.എല്‍.ആര്.ബി) നടപ്പാക്കി.
നീതി, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രാലയവുമായി സഹകരിച്ചാണ് ഇത് കൊണ്ടുവന്നത്. ഭൂമി കൈമാറ്റ ഇടപാടുകളിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ വാണിജ്യ ബാങ്കുകളുടെയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെയും പ്രതിനിധികളുമായി അടുത്തകാലത്ത് നടത്തിയ കൂടിയാലോചനകളുടെ ഫലമാണ് പുതിയ സര്‍ട്ടിഫിക്കറ്റെന്ന് എസ്.എല്‍.ആര്.ബി. പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹമര്‍ പറഞ്ഞു. യഥാര്‍ത്ഥ പട്ടയം നല്കുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിയമപരമായി അംഗീകൃത രേഖയായി ഉപയോഗിക്കാമെന്നും ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും മേഖലയിലുടനീളം കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും.
ഉടമസ്ഥാവകാശം തെളിയിക്കുന്നതില്‍ താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റിന് നിയമപരമായ പ്രാധാന്യമുണ്ട്. അത് വസ്തു രജിസ്ട്രേഷന് സംവിധാനത്തിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുകയും ബഹ്റൈനിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
