
മനാമ: ബഹ്റൈനില്‍ ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആരംഭിച്ചതിനുശേഷം വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാച്ചില്‍ 23 പുതിയ നിക്ഷേപ അവസരങ്ങള്‍ ആരംഭിച്ചതായി ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഗവേഷണ പദ്ധതികളുടെ അണ്ടര്‍സെക്രട്ടറിയുമായ നൗഫ് അബ്ദുള്‍റഹ്മാന്‍ ജംഷീര്‍ അറിയിച്ചു.
ഹമദ് ടൗണിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള 6,232 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വാണിജ്യ ഭൂമി വാണിജ്യ സമുച്ചയത്തിനായി നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ബുരിയിലും ഹൂറത്ത് ആലിയിലും മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആന്റ് അഗ്രികള്‍ചര്‍ മന്ത്രാലയത്തിന് കീഴിലുള്ള 5,616.2 മുതല്‍ 8,251.3 ചതുരശ്ര മീറ്റര്‍ വരെ വലുപ്പമുള്ള 19 കാര്‍ഷിക നിലങ്ങള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും ഈ സുപ്രധാന മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമായി അനുവദിച്ചിട്ടുണ്ട്. ഇവയുടെ ലേല കാലയളവ് മെയ് 11 വരെ ഉണ്ടാകും.
സതേണ്‍ ഗവര്‍ണറേറ്റിലെ അല്‍ ഖുറൈനിലെയും അല്‍ സല്ലാഖിലെയും 40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള രണ്ട് പ്ലോട്ടുകള്‍ ഡാറ്റാ സെന്റര്‍ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. കൂടാതെ, മുഹറഖ് ഗവര്‍ണറേറ്റിലെ അറാദില്‍ 12,451 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു വിദ്യാഭ്യാസ നിക്ഷേപ പ്ലോട്ട് പുതിയ സ്കൂളിന്റെ വികസനത്തിനായി നീക്കിവെച്ചിട്ടുമുണ്ട്. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള ഈ നിക്ഷേപ അവസരങ്ങള്‍ക്കായുള്ള ലേല പ്രക്രിയ ജൂണ്‍ 11 വരെ തുടരും.
investmentland.gov.bh എന്ന വെബ്സൈറ്റിലെ ഗവണ്മെന്റ് ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം വഴി ലേല പ്രക്രിയയില്‍ പങ്കെടുക്കാം. ലഭ്യമായ സ്വത്തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവിടെനിന്ന് ലഭിക്കും. ലിസ്റ്റഡ് പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതു ലേലത്തിലൂടെ സമര്‍പ്പിക്കാമെന്നും അവര്‍ അറിയിച്ചു.
