കൊച്ചി: ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇല്ലെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ നയങ്ങൾ മാറ്റിയാലും സമരവുമായി മുന്നോട്ട് പോകുമെന്നും പ്രഫുൽ ഖോഡ പട്ടേലിന്റെ കോപ്പി പോസ്റ്റ് നയങ്ങൾ മാത്രമല്ല, അദ്ദേഹം തന്നെ മാറാതെ സമരം അവസാനിക്കില്ലെന്നുമാണ് ഐഷ സുൽത്താന വ്യക്തമാക്കുന്നത്. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഐഷയുടെ പ്രതികരണം.
‘ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആണ് ലക്ഷദ്വീപ് ഭരിക്കാൻ യോഗ്യൻ. ജയിലിന്റെ വിസ്തൃതി വർധിപ്പിച്ചാലും എല്ലാവരെയും അറസ്റ്റ് ചെയ്താലും ജയിലിലും സമരം തുടരും. ലക്ഷദ്വീപിന്റെ പോരാട്ടം തുടരും. ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേലിന്റെ സംഘത്തോടൊപ്പം വന്ന ആൾക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഒരു വർഷത്തോളമായി കോവിഡ് കേസുകൾ ഒന്നുമില്ലാതിരുന്ന സ്ഥലമായിരുന്നു ദ്വീപ്. എന്നാൽ പ്രഫുൽ പട്ടേലും സംഘവും ക്വാറന്റീനിൽ നിൽക്കാതെ ലക്ഷദ്വീപിലെ ദ്വീപുകളിൽ കറങ്ങി നടക്കുകയായിരുന്നു. അവരിൽ നിന്നാണ് ലക്ഷദ്വീപിൽ കോവിഡ് പടർന്നത്’, ഐഷ സുൽത്താന പറയുന്നു.