ഇടുക്കി: ശബരിമല ഇടത്താവളമായ ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. മകരവിളക്കിന് മുന്നോടിയായുള്ള സത്രത്തിലെ ക്രമീകരണങ്ങൾ മന്ത്രി അവലോകനം ചെയ്തു.
പുല്ലുമേട് കാനന പാത വഴി 46,500 ഓളം ഭക്തരാണ് ഇത്തവണ ശബരിമലയിൽ എത്തിയത്. ഏകദേശം 2,800 പേർ തിരികെ കടന്നുപോയി. ചില ദിവസങ്ങളിൽ ആയിരത്തിലധികം ആളുകൾ സത്രം വഴി കടന്നുപോയി. എന്നാൽ, ഇവിടെ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് ദേവസ്വം മന്ത്രി നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
അടിസ്ഥാന സൗകര്യവികസനത്തിനുള്ള വിവിധ നിർദ്ദേശങ്ങൾ പീരുമേട് എം.എൽ.എ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. ദേവസ്വത്തിന്റെ കൈവശമുള്ള ഭൂമിയിൽ സ്ഥിരം വിരിപ്പന്തൽ, പോലീസ് എയ്ഡ് പോസ്റ്റ്, ശൗചാലയങ്ങൾ എന്നിവ ഒരുക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സത്രത്തിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം താൽക്കാലിക വിരി പന്തൽ, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം ആവശ്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.