
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി വേളയില്‍ അദ്ദേഹം മാപ്പ് നല്കി തടവില്‍നിന്ന് വിട്ടയച്ച 457 വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ദേശീയ വികസന പ്രക്രിയയില്‍ ഇവരെ പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടാണിത്.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന്റെ രജിസ്ട്രേഷന് സുഗമമാക്കുന്നതിന് ഗുണഭോക്താക്കള്‍ അവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്ഡേറ്റ് ചെയ്യണം. അവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനും അനുയോജ്യമായ തൊഴിലുകള്‍ നേടാനും ഇത് ഉപകരിക്കും. തൊഴില്‍ വിപണിയുമായി സംയോജിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും അവരുടെ രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
