
മനാമ: വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് തിരിച്ചയയ്ക്കാനുള്ള ചെലവ് വഹിക്കുന്നതില്‍നിന്ന് തൊഴിലുടമകളെ ഒഴിവാക്കിക്കൊണ്ടുള്ള തൊഴില്‍ നിയമ ഭേദഗതി നിര്‍ദേശം പുനഃപരിധിക്കാന്‍ പാര്‍ലമെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കരട് ഭേദഗതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് പാര്‍ലമെന്റിന് തിരിച്ചയച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ നല്കിയ ഔദ്യോഗിക മെമ്മോറാണ്ടത്തിലാണ് പുനഃപരിശോധനാ നിര്‍ദേശമുള്ളത്. അനധികൃതമായി രാജ്യത്ത് തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്താനുള്ള ചെലവ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) വഹിക്കുന്ന സാഹചര്യത്തില്‍ മറ്റു കാരണങ്ങളാല്‍ തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിനുള്ള ചെലവ് ചുരുക്കം ചില തൊഴിലുടമകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. ഇതൊഴിവാക്കുന്നത് തൊഴില്‍ നിയമത്തിന്റെ വ്യവസ്ഥകളില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി.


