മനാമ: തൊഴിലന്വേഷകരെയും സ്വകാര്യമേഖല സ്ഥാപനങ്ങളെയും കമ്പനികളെയും ബന്ധിപ്പിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഒരു പോർട്ടൽ ആരംഭിച്ചു. രാജ്യത്തുള്ള തൊഴിലാളികളുടെ ലഭ്യത, കഴിവുകൾ, യോഗ്യതകൾ എന്നിവയെക്കുറിച്ച് അറിയാൻ തൊഴിലുടമകളെ സഹായിക്കുന്ന ഒരു ടാലന്റ് പോർട്ടലാണ് ആരംഭിക്കുന്നതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒസാമ അബ്ദുള്ള അൽ അബ്സി പറഞ്ഞു.
തൊഴിൽ കമ്പോളത്തിനായി പോർട്ടലിനെ പിന്തുണയ്ക്കുന്നതിലും സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചതിന് രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ എസ്.ടി.സി ബഹ്റൈൻ കമ്പനിക്ക് അൽ അബ്സി നന്ദി രേഖപ്പെടുത്തി.
പൗരന്മാർക്കും താമസക്കാർക്കും “www.talentportal.bh” എന്ന പോർട്ടലിലേക്ക് പ്രവേശിക്കാനും അവരുടെ ഡാറ്റ രജിസ്റ്റർ ചെയ്യാനും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സമഗ്രമായ വിവരം നൽകാനും കഴിയുമെന്ന് അൽ അബ്സി പറഞ്ഞു. ആഗോള പ്രതിസന്ധിയുടെയും വിദേശത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളുടെയും വെളിച്ചത്തിൽ സ്വകാര്യമേഖലയുടെ വളർച്ചയ്ക്കും അതിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.