മലപ്പുറം: നിരക്ഷരരായിരുന്ന സാധാരണക്കാര്‍ക്ക് അക്ഷരവെളിച്ചം പകരുന്നതിന് മുന്‍നിരയില്‍ നിന്ന സാമൂഹികപ്രവര്‍ത്തക കെ.വി. റാബിയ (59) അന്തരിച്ചു. ഒരു മാസത്തോളമായി കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില് മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായി 1966 ഫെബ്രുവരി 25നായിരുന്നു ജനനം. 2022ല്‍ പത്മശ്രീ നല്കി രാജ്യം ആദരിച്ചു. രോഗങ്ങളും ദുരിതങ്ങളും സൃഷ്ടിച്ച വെല്ലുവിളികള്‍ അതിജീവിച്ച് സമൂഹ നന്മയ്ക്കായി അര്പ്പിച്ചതായിരുന്നു റാബിയയുടെ ജീവിതം.
ചന്തപ്പടി ജി.എല്‍.പി. സ്കൂള്‍, തിരൂരങ്ങാടി ഗവ. ഹൈസ്കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. അപൂര്‍വവും വിസ്മയകരവുമായ ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോളിയോ ബാധിച്ച് അരയ്ക്കു താഴെ തളര്‍ന്നുപോയി. പി.എസ്.എം.ഒ. കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം പഠനം അവസാനിപ്പിച്ച് ശാരീരിക അവശതകള്‍ കാരണം വീട്ടില്‍ തന്നെ കഴിയുകയുമായിരുന്നു. അവിടെനിന്നാണ് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ തുടങ്ങിയത്.
കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം തുടങ്ങുതിനു മുമ്പു തന്നെ റാബിയ നാട്ടിലെ അക്ഷരമറിയാത്ത സാധാരണക്കാരെ അക്ഷരം പഠിപ്പിച്ചുതുടങ്ങയിരുന്നു. സാക്ഷരതാ യജ്ഞം തുടങ്ങിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ തന്നെ റാബിയ ഉണ്ടായിരുന്നു. 2000ത്തില്‍ അര്‍ബുദം ബാധിച്ചെങ്കിലും കീമോതെറാപ്പി വിജയകരമായി നടത്തി. 38ാം വയസ്സില്‍ കുളിമുറിയുടെ തറയില്‍ തെന്നിവീണ് നട്ടെല്ല് തകര്‍ന്നു. കഴുത്തിനു താഴെ ഭാഗികമായി തളര്‍ന്ന നിലയിലായിരുന്നു. അസഹനീയ വേദനയില്‍ കിടക്കുമ്പോഴും റാബിയ കളര്‍ പെന്‍സില്‍ ഉപയോഗിച്ച് നോട്ട്ബുക്കുകളുടെ പേജുകളില്‍ ഓര്‍മകള്‍ എഴുതിത്തുടങ്ങി. അങ്ങനെ എഴുതിയതാണ് ‘നിശ്ശബ്ദ നൊമ്പരങ്ങള്‍’ എന്ന പുസ്തകം. ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ ഉള്‍പ്പെടെ നാലു പുസ്തകങ്ങളെഴുതിയിട്ടുണ്ട്. പുസ്തകങ്ങളുടെ റോയല്റ്റികൊണ്ടാണ് ചികിത്സാ ചെലവുകള്‍ക്ക് നടത്തിയിരുന്നത്.
നാഷനല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യു.എന്‍. ഇന്റര്‍നാഷനല്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്കാരം, വനിതാരത്നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. സഫിയ, ഖദീജ, നഫീസ, ആസിയ, ആരിഫ എന്നിവര്‍ സഹോദരിമാരാണ്. ഭര്‍ത്താവ് ബങ്കാളത്ത് മുഹമ്മദ്.
Trending
- പലസ്തീന് ജനതയെ പിന്തുണയ്ക്കണം: എ.ഐ.പി.യു. യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി
- അക്ഷരവിളക്കണഞ്ഞു; സാക്ഷരതാ മുന്നേറ്റ നായിക കെ.വി. റാബിയ വിടവാങ്ങി
- രോഗി ആണെന്ന് പറഞ്ഞ് തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു നേതാവ് പ്രവർത്തിക്കുന്നു; കെ സുധാകരന്
- പാകിസ്ഥാനെതിരെ ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കും
- ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ബി എം ഡി എഫ് കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ- അപ്പ് നേടി
- കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിവിധ പരിപാടികളോടെ അതിവിപുലമായി ആഘോഷിച്ചു
- ‘ഓപ്പറേഷൻ അധിഗ്രഹൺ’ നടപ്പാക്കി വിജിലൻസ്; കേരളം ഞെട്ടുന്ന അഴിമതി? ലഭിച്ചത് വ്യാപക പരാതികൾ
- കാര്‍ യാത്രക്കാരനെ വളഞ്ഞ് മുഖംമൂടിസംഘം; തോക്കുമായെത്തി കാര്‍ യാത്രക്കാരനെ രക്ഷിച്ചത് MLA