
വി. അബ്ദുല്‍ മജീദ്
കല്‍പ്പറ്റ: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ബഹ്റൈന്‍ പ്രവാസിയും മത്സരരംഗത്ത്. 18 വര്‍ഷത്തിലധികം ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന കെ.വി. പ്രകാശാണ് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സി.പി.ഐ. (എം.എല്‍- റെഡ്സ്റ്റാര്‍) സ്ഥാനാര്‍ത്ഥിയായി പോരിനിറങ്ങിയത്.
2000 മുതല്‍ 2018 വരെ ബഹ്റൈനിലുണ്ടായിരുന്ന പ്രകാശ് മനാമയിലെ എ. ലത്തീഫ് അല്‍ ഔജാന്‍ ഫുഡ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ ബഹ്റൈനില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ‘പ്രേരണ’ എന്ന സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്നു. സാമൂഹ്യപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.
നേരത്തെ തന്നെ സി.പി.ഐ (എം.എല്‍) പ്രവര്‍ത്തകനായിരുന്ന പ്രകാശ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. വയനാട്ടിലെ തൊവരിമലയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിക്കു വേണ്ടി നടന്ന തൊവരിമല ഭൂസമരമടക്കം നിരവധി ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പ്രകാശ് കുറേക്കാലമായി കല്‍പ്പറ്റയിലാണ് താമസം.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നവലിബറല്‍ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ എന്ന ലക്ഷ്യത്തോടെയാണ് തന്റെ പോരാട്ടമെന്ന് പ്രകാശ് പറഞ്ഞു. ഭരണവര്‍ഗത്തിലേക്ക് ജീര്‍ണിച്ചുകഴിഞ്ഞ സി.പി.എം. നയിക്കുന്ന കേരള സര്‍ക്കാരിന്റെ നയങ്ങള്‍ കേന്ദ്രത്തിലും ബി.ജെ.പിയുടെ ‘ഡബിള്‍ എന്ജിന് ഭരണം’ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന അതേ സ്വഭാവത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


