കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്ത് അമീർ തടവുകാർക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം 595 പേർക്ക് ലഭിക്കും. ഇതിൽ 225 പേർ ജയിൽ മോചിതരാകും. ബാക്കി വരുന്ന തടവുകാർക്ക് ശിക്ഷാ കാലാവധി കുറച്ചു കൊടുക്കുകയോ, പിഴി ഒഴിവാക്കി കൊടുക്കയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ജയിൽ മോചിതരാകുന്ന പ്രവാസികളായ തടവുകാരെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.
ദേശസുരക്ഷ, പൊതുമുതൽ ദുർവ്യയം ചെയ്യൽ, കള്ളപ്പണ ഇടപാട് എന്നീ കേസുകളിൽ അകപ്പെട്ടവരെ പൊതുമാപ്പ് ആനുകൂല്യത്തിന് പരിഗണിച്ചിട്ടില്ല. തടവകാലത്തെ ഇവരുടെ നല്ല നടപ്പ് പരിശോധിച്ചാണ് അമീരി കാരുണ്യത്തിനു പരിഗണിച്ചത്. ശിക്ഷാ ഇളവ് ലഭിക്കുന്നവരിൽ പ്രവാസികളും സ്വദേശികളുമായ സ്ത്രീകളടക്കമുള്ളവർ ഉണ്ട്. കഴിഞ്ഞവർഷവും 459 തടവുകാർക്ക് അമീരി കാരുണ്യം ലഭിച്ചിരുന്നു.
