കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ നീക്കം തുടങ്ങി. ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട് ചെയ്തു.
വിദേശികളെ പരമാവധി ഒഴിവാക്കുകയും തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ആദ്യ ഘട്ടത്തിൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തും. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പരിശോധനയിൽ പിടിക്കപ്പെടുന്നവരെ സ്പോൺസർമാരുടെ ചെലവിൽ നാടുകടത്തും. രണ്ടാം ഘട്ടത്തിൽ, തൊഴിൽ മേഖലയിൽ വിദേശികൾ ആവശ്യമില്ലാത്ത ജോലികൾ കണ്ടെത്തുകയും വർക്ക് പെർമിറ്റുകൾ പുതുക്കുന്നത് നിർത്തുകയും ചെയ്യും.