കുവൈറ്റ് സിറ്റി: കോവിഡ് പകർച്ചവ്യാധിക്ക് മുമ്പ്, ഏകദേശം 3.3 ദശലക്ഷം പ്രവാസികൾ കുവൈത്തിൽ താമസിക്കുന്നതായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഈ അടുത്ത മാസങ്ങളിൽ പ്രവാസികളുടെ എണ്ണം 2.65 ദശലക്ഷമായി കുറഞ്ഞതായാണ് റിപ്പോർട്ട്. കോവിഡിനെ തുടർന്ന് നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയിരുന്നു. ഇതിനെ തുടർന്ന് സാമ്പത്തിക ഭാരം വർദ്ധിച്ചതോടെ നിരവധി പ്രവാസികൾ കുവൈറ്റ് വിടാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നത്.
കോവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ കാരണം വിദേശത്ത് കുടുങ്ങിയ 3,65,000 പ്രവാസികളുണ്ട്. അതിൽ 1,47,000 റെസിഡൻസി പെർമിറ്റുകൾ കാലഹരണപ്പെട്ടു. നിലവിൽ 1,32,000 റെസിഡൻസി നിയമലംഘകരാണ് കുവൈത്തിൽ ഉള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇവരിൽ 40,000 പേർ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തുകയും മാസാവസാനത്തിനുമുമ്പ് അവരുടെ റെസിഡൻസി നില പരിഷ്കരിക്കുകയും ചെയ്തു.
കുവൈത്തിലെ ജനസംഖ്യയുടെ 70 ശതമാനവും പ്രവാസികളാണ്. സർക്കാർ ഉദ്യോഗസ്ഥരും എംപിമാരും ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു മാർഗം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. 2021 ജനുവരി 1 മുതൽ 60 വയസ്സിന് മുകളിലുള്ളവരും ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറവോ ഉള്ള പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്നത് നിർത്തുമെന്ന് കഴിഞ്ഞ ആഴ്ച കുവൈറ്റ് പ്രഖ്യാപിച്ചിരുന്നു.
കൂടാതെ, അനധികൃത പെർമിറ്റ് ഉടമകളെ സർക്കാർ തടയുന്നു. ഗ്രേസ് പിരീഡ് നവംബർ 30 ന് അവസാനിച്ചുകഴിഞ്ഞാൽ, സന്ദർശന വിസകൾ ഉൾപ്പെടെ റെസിഡൻസി പെർമിറ്റുകൾ ഭേദഗതി ചെയ്യാത്തവർക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുവൈറ്റ് പ്രസ്താവിച്ചു.