കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബ അന്തരിച്ചു. അദ്ദേഹത്തിന് 91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അടുത്ത കാലത്തായി നിരവധി ആരോഗ്യ ഭീഷണികൾ ശൈഖ് സബ നേരിട്ടിട്ടുണ്ട്. ജൂലായ് 18ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
2006 ജനുവരി 29 നാണ് അമീര്‍ ഷേഖ് സാബാ അല്‍അഹ്മദ് അല്‍ ജാബെര്‍ അല്‍ സാബാ കുവൈറ്റിന്റെ സാരഥിയായി അധികാരമേറ്റത്. അദ്ദേഹത്തിന്റെ അർദ്ധസഹോദരൻ ഷെയ്ഖ് ജാബർ അൽ സബയുടെ മരണത്തെത്തുടർന്നാണ് 2006 ൽ അധികാരമേറ്റത്. 1929 ജൂൺ 16 ന് കുവൈത്തിൽ ജനിച്ച ഷെയ്ഖ് സബ ഷെയ്ഖ് അഹ്മദ് അൽ ജാബർ അൽ സബയുടെ നാലാമത്തെ മകനായിരുന്നു. അൽ-മുബാരകിയ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അദ്ധ്യാപകരുടെ കീഴിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അധികാരത്തിൽ വരുന്നതിനുമുമ്പ്, ഷെയ്ഖ് സബ 1963 മുതൽ 1991 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയും പിന്നീട് 1992 മുതൽ 2003 വരെ ഉപപ്രധാനമന്ത്രിയുമായിരുന്നു.
പ്രാദേശിക തർക്കങ്ങളുടെ പ്രധാന മധ്യസ്ഥനും ഒരു വലിയ മനുഷ്യ സ്നേഹിയുമായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നായകനായി അധികാരമേറ്റ ഷേഖ് സാബായുടെ കാഴ്ചപ്പാടിന്റെ നേര്‍ക്കാഴ്ചയാണ് കുവൈറ്റിലങ്ങോളം ഇന്ന് കാണുന്ന വികസനങ്ങള്‍. ജാബെര്‍ ആശുപത്രി, പുതിയ വിമാനത്താവളം, അല്‍ സൂര് എണ്ണ ശുദ്ധീകരണശാല തുടങ്ങിയ വന്‍ പദ്ധതികള്‍ അതില്‍ ചിലത് മാത്രമാണ്. രാജ്യത്തെ വികസനത്തോടെപ്പം,ലോകത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ശ്രദ്ധ പതിപ്പിച്ചിരുന്നു അദ്ദേഹം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
അന്താരാഷ്ട്ര കാര്യങ്ങളിൽ 40 വർഷത്തെ പരിചയമുള്ള ഷെയ്ഖ് സബ നിരവധി പ്രാദേശിക തർക്കങ്ങളിൽ കുവൈത്ത് ഒരു പ്രധാന മധ്യസ്ഥനായി നിലകൊണ്ടു. 2014 ൽ ഖത്തറും മറ്റ് അഞ്ച് ഗൾഫ് രാജ്യങ്ങളും തമ്മിൽ പിരിമുറുക്കം തുടങ്ങിയപ്പോൾ, എമിർ ഒരു പ്രാദേശിക പര്യടനം നടത്തി രാജ്യങ്ങൾ സന്ദർശിച്ച് സംഘർഷം പരിഹരിക്കാൻ ശ്രമിച്ചു.
സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നിവ 2017 ൽ ഖത്തറുമായുള്ള നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും ഔദ്യോഗികമായി വിച്ഛേദിച്ചതിനുശേഷം, ഒരു അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾക്ക് ഷെയ്ഖ് സബ നേതൃത്വം നൽകിയിരുന്നു.
അമേരിക്കൻ പ്രസിഡൻറിെൻറ ദി ലീജിയൻ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ പദവി അമീര്‍ നേടിയിരുന്നു. 2014ലെ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട അമീർ നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കിയിട്ടുള്ളത്.