ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ മുസ്ലീം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ മുസ്ലിം ലീഗ് നേതാക്കൾ കോടിയേരിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു. അരമണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച കോടിയേരി ബാലകൃഷ്ണനെ ഓഗസ്റ്റ് 29 നാണ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർ ആംബുലൻസിലാണ് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെപ്പോലുള്ള നേതാക്കളും ഫ്ലാറ്റിലെത്തി കോടിയേരിയെ കണ്ടിരുന്നു.
നിയുക്ത മന്ത്രി എം ബി രാജേഷും കഴിഞ്ഞ ദിവസം കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.