
കൊല്ലം: ആരെയും ആകർഷിക്കുന്ന വശ്യതയോടെ കുടുക്കത്തുപാറ സഞ്ചരികളെ ആകർഷിച്ചുകൊണ്ടേ ഇരിക്കുന്നു.
പ്രകൃതിയുടെ സുന്ദരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതിചെയ്യുന്നത്.
സമുദ്രനിരപ്പിൽനിന്ന് 840 മീറ്റർ ഉയരത്തിൽ മൂന്നു പാറകൾചേർന്ന് വലിയ കുന്നുപോലെയാണ് കുടുക്കത്തുപാറ. ഇതിൽ 780 മീറ്റർ ഉയരത്തിൽ മാത്രമേ സഞ്ചാരികൾക്ക് കയറിപ്പറ്റാൻ കഴിയൂ.

പശ്ചിമഘട്ട മലനിരയുടെ കിരീടംപോലെ നിൽക്കുന്ന അപൂർവമായ കാഴ്ചയാണ് കുടുക്കത്തുപാറ. വിവിധ ദിക്കുകളിൽനിന്നുനോക്കുമ്പോൾ പല ആകൃതിയിലുള്ള ദൃശ്യാനുഭവം. പൊന്മുടിമുതൽ തമിഴ്നാടുവരെയുള്ള അതിവിശാലമായ കാഴ്ചകൾ കുടുക്കത്തുപാറയുടെ മുകളിൽനിന്നാൽ കാണാം. തെളിഞ്ഞ കാലാവസ്ഥയിൽ സന്ധ്യാസമയത്ത് തങ്കശ്ശേരി വിളക്കുമരത്തിന്റെ പ്രകാശവും കാണാം.
കൽപ്പടവുകളും സുരക്ഷാ വേലികളുമുണ്ട്. പാറയുടെ സമീപത്തായി ഗന്ധർവൻപാല, ആരോഗ്യപ്പച്ച തുടങ്ങിയ ഔഷധസസ്യങ്ങളും കാണാം.

100 പടികൾ കയറിക്കഴിഞ്ഞാൽ സായിപ്പിന്റെ ഗുഹയുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ജർമൻ സായിപ്പ് ഇവിടെ ഒളിച്ചുതാമസിച്ചിരുന്നതായി പഴമക്കാർ പറയുന്നു. പെട്ടെന്നൊരുനാൾ അപ്രത്യക്ഷനായെന്നും നാട്ടുകാർ പറയുന്നു. മഴയും വെയിലും ഏൽക്കാതെ അഞ്ചുപേർക്ക് സുഖമായി ഇതിൽ കഴിയാം. പലരും ഒളിത്താവളമായി ഇവിടം ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും സായിപ്പിന്റെ ഗുഹ ഒരു അദ്ഭുതക്കാഴ്ചയാണ്.

തറയിൽനിന്നു 360 കരിങ്കൽ പടികൾ കയറിച്ചെന്നാൽ പാറയുടെ മുകളിലെത്താം. പലതരത്തിലുള്ള പാറകളും ശാന്തമായ കാറ്റും പാറയുടെ മുകളിൽനിന്ന് പുകപോലെ ഉയരുന്ന മഞ്ഞും കാഴ്ചക്കാരെ ആകർഷിക്കും. പടികൾ കയറിച്ചെല്ലുമ്പോൾ വിശ്രമിക്കാനായി കോൺക്രീറ്റ് ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആഹാരം ഉണ്ടാക്കുന്നതിനായി ഒരു പാറയുണ്ട്. അത് അടുക്കളപ്പാറ എന്ന് അറിയപ്പെടുന്നു. രണ്ട് പാറകൾ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ് പ്രധാന പാറ. ഇതിനു സമീപമായി ട്രയിൻപാറയും കാവും കാണാം.

സൂര്യാസ്തമയം ഇവിടെനിന്നുള്ള മനോഹരമായ കാഴ്ചയാണ്. കുടുക്കത്തുപാറയുടെ മുകളിൽനിന്നു നോക്കിയാൽ തമിഴ്നാടിന്റെ ഒരുഭാഗവും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പലസ്ഥലങ്ങളും കാണാൻ കഴിയും. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ടൂറിസം പാക്കേജിൽ കുടുക്കത്തുപാറയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചടയമംഗലം ജടായുപ്പാറ, കടയ്ക്കൽ മാറ്റിടാംപാറ,തെന്മല ഇക്കോ ടൂറിസം പാലരുവി വെള്ളച്ചാട്ടം,കുടുക്കത്തുപാറ എന്നിവ കൂട്ടിയോജിപ്പിച്ച് ഒരു ടുറിസം പ്രോജക്റ്റ് ഭാവിയിൽ നമുക്ക് പ്രതീക്ഷിക്കാം.
