
കോഴിക്കോട്: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാൻ പോർട്ടൽ തുടങ്ങുമെന്നും മരണം വരെ സി.പി.എം. സഹയാത്രികനായി തുടരുമെന്നും ജലീൽ പറഞ്ഞു. കുറിപ്പിനൊപ്പം ഇന്നു പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പോലീസ് സേനയെപ്പറ്റി പറഞ്ഞതിന്റെ വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജലീൽ പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് ലീഗ് വിട്ടത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതോടെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി. 2011, 16, 21 തെരഞ്ഞെടുപ്പുകളിൽ തവനൂർ മണ്ഡലത്തിൽനിന്ന് വിജയിച്ചു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ജലീലിന് ബന്ധു നിയമന ആരോപണത്തെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.

