തിരുവനന്തപുരം: കെ എസ് ആർ ടി സി സൂപ്പർഫാസ്റ്റ് എ സി പ്രീമിയം ബസ് ഓടിച്ച് മന്ത്രി ഗണേഷ് കുമാർ. കെ എസ് ആർ ടി സി പുതിയതായി ആരംഭിക്കാൻ പോകുന്ന പ്രീമിയം സൂപ്പർ ഫാസ്റ്റിന്റെ ട്രയൽ റണ്ണായിരുന്നു ഇന്ന്. ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ മാർക്കോ പോളോ ബസ്സുകളാണ് ട്രയൽ റണ്ണിന് എത്തിച്ചത്.
വാഹനങ്ങളുടെ പെർഫോമൻസ് വിലയിരുത്തുന്നതിനും ഇന്ധനക്ഷമത, യാത്ര സൗകര്യം എന്നിവ മനസ്സിലാക്കുന്നതിനുമാണ് ബസ്സുകൾ പരീക്ഷണയോട്ടത്തിന് എത്തിച്ചത്. പുഷ് ബാക്ക് സീറ്റുകൾ,വൈ ഫൈ, ഉയർന്ന ലഗ് സ്പേസ്, ഒരു നിരയിൽ നാല് സീറ്റുകൾ വീതം മൊത്തം 40 സീറ്റുകൾ ആണ് ഉണ്ടാവുക എന്നാണ് വിവരം.
48 ബസ്സുകൾ വാങ്ങുന്നതിനാണ് കരാർ വിളിച്ചിരിക്കുന്നത്. പത്ത് ബസ്സുകൾ വാങ്ങാൻ സ്വിഫ്റ്റും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പ്രീമിയം സൂപ്പർ ഫാസറ്റുകൾക്ക് സ്റ്റോപ്പുകൾ പരിമിതമായിരിക്കും. എല്ലാ ഡിപ്പോകളിലും പ്രവേശിക്കില്ല. ബസ് നല്ല ബസ്സാണെന്നാണ് മന്ത്രി പറഞ്ഞത്. സൂപ്പർ ഫാസ്റ്റിന് മുകളിലും എക്സ്പ്രസിന് താഴെയുമുള്ള എയർകണ്ടീഷൻ ചെയ്ക ബസ്സാണെന്നും അദ്ദേഹം പറയുന്നു.
‘ബസ്സ് നല്ല ബസ്സാണ്, ഓടിക്കാൻ നല്ല രസമുള്ള ബസ്സാണ്. നേരത്തെ ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാണ്. ഇന്ന് നിങ്ങളെല്ലാം ഉള്ളപ്പോൾ ഒരു ട്രയൽ എടുത്തെന്നേ ഉള്ളൂ. കെ എസ് ആർ ടി സി യുടെ പുതിയ സൗകര്യമാണ് ഞങ്ങൾ ഒരുക്കുന്നത്. കെ എസ് ആർ ടി സിയുടെ സൂപ്പർഫാസ്റ്റ് പ്രീമിയം എന്നൊരു മോഡൽ വരുന്നു. ആ കാറ്റഗറി എന്ന് പറയുന്നത് സൂപ്പർ ഫാസ്റ്റിന് മുകളിലും എക്സ്പ്രസിന് താഴെയുമുള്ള എയർകണ്ടീഷൻ ബസ്സാണ്.
എല്ലാ സീറ്റുകളിലും മൊബൈൽ ചാർജറുണ്ട്. ഒരു നിശ്ചിത അളവ് വൈ ഫൈ ഫ്രീയായി കൊടുക്കും. അത് കഴിഞ്ഞ് പേ ചെയ്ത് വാങ്ങാൻ പറ്റും. ക്യാമറകൾ ഉണ്ട്. കുടിക്കാനുള്ള വെള്ളം, സ്നാക്സ് ഒക്കെ വാങ്ങാനുള്ള സൗകര്യമുണ്ടാകും, ആവശ്യമില്ലാത്ത ബസ് സ്റ്റേഷനിൽ കയറുന്നില്ല. ദീർഘ ദൂരം പോകുമ്പോൾ ആളുകൾ ബസ് സ്റ്റേഷനുകളിൽ കയറി മുഷിയുകയാണ്. അത് കൊണ്ട് ജങ്ഷനിൽ നിന്ന് തന്നെ ആളെ എടുക്കും. ഇവിടെ നിന്ന് ഫുള്ളായിക്കഴിഞ്ഞാൽ നിർത്താതെ അങ്ങ് പോകാനാണ് ഉദ്ദേശിക്കുന്നത്, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമർ പറഞ്ഞു.