
കൊല്ലം : കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു, നിലവിൽ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, ഇതാണ് സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളിൽ ഉൾപ്പെടെ നടപ്പാക്കാനൊരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യു.പി.ഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും. ക്യു. ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. ജിപേ. പേടിഎം. ഫോൺപേ തുടങ്ങിയ ആപ്പുകൾ വഴിയും പണം നൽകി ടിക്കറ്റ് എടുക്കാനാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിംഗ് സാദ്ധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു, രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും പുതിയ ടിക്കറ്റ് മെഷീനുകൾ എത്തിക്കും. ചലോ എന്ന ടിക്കറ്റ് കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സൗകര്യവുമാണ് കെ.എസ്.ആർ.ടി.സി വാടകയ്ക്ക് എടുത്തത്.
