തിരുവനന്തപുരം: വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിം കോടതിയെ സമീപിച്ചു. ബള്‍ക് പര്‍ച്ചെയ്സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൂടിയ വിലയ്ക്ക് ഡീസല്‍ വില്‍ക്കാനുള്ള പൊതു മേഖല എണ്ണ കമ്പനികളുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഇന്ധന വില നിശ്ചയിക്കാന്‍ സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില ഫെബ്രുവരിയില്‍ കുത്തനെ കൂട്ടിയിരുന്നു. ഫെബ്രുവരി 17 മുതല്‍ കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ലിറ്ററിന് 6.73 രൂപ വര്‍ധിപ്പിച്ച് 98.15 രൂപയാക്കിയാണ് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് വില നിശ്ചയിച്ചത്.
വില വര്‍ധിപ്പിച്ചതോടെ ഒരു ദിവസം 37 ലക്ഷം രൂപ അധികം ഡീസലടിക്കാനായി കെഎസ്ആര്‍ടിസിക്ക് വേണ്ടി വരും. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് ആവശ്യമായി വരുക.
