കാസര്‍ഗോഡ്: കെ.എസ്.ആർ.ടി.സി കൺസെഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇത് പാവപ്പെട്ടവരോടുള്ള നിന്ദ്യമായ നടപടിയാണ്. കൺസെഷനിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അമിത് ഷായുടെ സന്ദർശനം സി.പി.എമ്മിന് ഭയമാണ്. ദേശീയ തലത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടി വരും. അമിത് ഷാ വരുമ്പോൾ എല്ലാം വെളിപ്പെടുത്തുമെന്ന് സി.പി.എമ്മിന് ഭയമുണ്ടെന്നും എം.വി ഗോവിന്ദന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.