കോട്ടയം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഡ്രൈവറില്ലാതെ ബസ് ഓടിയെത്തി വീട്ടുമുറ്റത്ത് പതിച്ചു. പൊൻകുന്നം ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കെത്തിയത്. ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പമ്പിലേക്ക് ഡീസലടിക്കാൻപോയ മറ്റൊരു ബസ്സിന്റെ പിന്നിലിടിക്കുകയും ചെയ്തു.
ഹൈവേയിൽ ട്രാൻസ്ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമൊഴിവായി. തിങ്കളാഴ്ച രാത്രി 7.45 നാണ് സംഭവം. ഡിപ്പോയിലേക്ക് കയറുന്ന വഴിക്കുസമീപം നിർത്തിയിട്ടിരുന്ന ബസ് ഡിപ്പോവളപ്പിൽനിന്ന് പൊൻകുന്നം- പുനലൂർ ഹൈവേയിലേക്കുള്ള ഇറക്കത്തിലൂടെ പാഞ്ഞുവന്നത്. എതിർവശത്ത് റോഡിൽനിന്ന് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് ഇടിച്ചിറങ്ങിയത്.
ഇത് അഞ്ചാം തവണയാണ് സമാന രീതിയിൽ ബസ് വീട്ടിൽ ഇടിച്ചു കയറുന്നത്. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇതോടെ വീട്ടിൽ ആൾതാമസമില്ലാതായി. ഡിപ്പോയിൽ സ്ഥലമില്ലാത്ത കൊണ്ടും ചില വണ്ടികൾക്ക് സെൽഫ് സ്റ്റാർട്ട് ഇല്ലാത്ത കൊണ്ടും ഡിപ്പോയുടെ കവാടത്തിൽ ഉൾപ്പെടെയാണ് രാത്രിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പ്രദേശം വലിയ ഇറക്കമാണ്. ഈ ഇറക്കത്തിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. ഇതിന് മുൻപും നിരവധി തവണ ബസ് ഇത്തരത്തിൽ ഉരുട്ട് താഴോട്ട് പോയിട്ടുണ്ട്. കെഎസ്ആർടിസി അധികൃതർ സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് വാഹനം മാറ്റി