ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെആർകെ തന്റെ വിവാദ പ്രസ്താവനകളുടെ പേരിൽ എന്നും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് കെആർകെ രണ്ട് തവണ അറസ്റ്റിലായിരുന്നു. എന്നാൽ തന്റെ അറസ്റ്റിന് പിന്നിൽ സൽമാൻ ഖാൻ അല്ലെന്ന് അറിയിച്ച കമാൽ ഖാൻ സൂപ്പർസ്റ്റാറിനോട് ക്ഷമാപണം നടത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് സൽമാൻ ഖാനോട് കെആർകെ പരസ്യമായി ക്ഷമാപണം നടത്തിയത്. സൽമാൻ ഖാനല്ല തന്റെ അറസ്റ്റുകൾക്ക് പിന്നിലെന്നാണ് താൻ കരുതുന്നതെന്ന് എല്ലാ മാധ്യമസുഹൃത്തുക്കളോടും അറിയിക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. “ആരോ ഒരാൾ പിന്നിൽ നിന്ന് കളിച്ചിട്ടുണ്ട്. സൽമാനെ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. തന്റെ പ്രസ്താവനകൾ വേദനിപ്പിച്ചെങ്കിൽ മാപ്പുചോദിക്കുന്നു. സൽമാൻ ഖാന്റെ ചിത്രങ്ങളുടെ റിവ്യൂ ഇനി എഴുതില്ല” കമാൽ ഖാൻ കുറിച്ചു.