സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞാല്‍ പരിഹാസ്യമായിപ്പോകുമെന്നും ഡബ്ല്യുസിസിയിലെ അംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും നടി കൃഷ്ണപ്രഭ. കതകില്‍ തട്ടുന്നതുപോലെയുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സൈറ്റുകളില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കത്തില്‍ ആയിരുന്നു. ഇപ്പോള്‍ അതില്‍ നല്ല മാറ്റം വന്നിട്ടുണ്ട്. എന്റെ കാര്യം മാത്രമാണ് ഞാന്‍ പറയുന്നത്. മറ്റൊരു നടിക്കോ ജൂനിയര്‍ ആര്ടിസ്റ്റിനോ ഇതേ അഭിപ്രായം ആയിരിക്കണമെന്നില്ല. അവര്‍ക്ക് ഇപ്പോഴും സൈറ്റുകളില്‍ മോശം അനുഭവങ്ങളും ബേസിക് നെസിസിറ്റിയുടെ കുറവുകളും ഉണ്ടാകുന്നവരുണ്ടാകാം. അത്തരം കാര്യങ്ങളില്‍ മാറ്റം വരണമെന്നും നടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഡബ്ല്യൂസിസിയില്‍ അംഗങ്ങള്‍ ആയവരെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം എന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പോരാട്ടത്തെയും ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. റിപ്പോര്‍ട്ട് വന്ന ആദ്യ ദിനങ്ങളില്‍ എന്നെ പോലെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ നേരിട്ടൊരു വലിയ പ്രശ്നം, സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ളതായിരുന്നു. അത് ഏറെ വേദനിപ്പിച്ചു. വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ മിക്കതും അത്തരത്തില്‍ ഉള്ളതായിരുന്നു. ഒരു ഉളുപ്പുമില്ലാതെ യാതൊരു തെളിവുമില്ലാതെ സിനിമയിലെ സ്ത്രീകളെ മുഴുവനും അടച്ചാക്ഷേപിക്കുന്ന രീതിയായിരുന്നു കണ്ടത്.
കഴിഞ്ഞ 16 വര്‍ഷത്തില്‍ അധികമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു. എന്റെ അനുഭവം ആയിരിക്കില്ല മറ്റൊരു സ്ത്രീക്ക് എന്ന് ഓര്‍മ്മപ്പെടുത്തികൊണ്ട് തന്നെ പറയട്ടെ, എനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല! ആദ്യം പറഞ്ഞത് പോലെ ബേസിക് നെസിസിറ്റിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നല്ലാതെ! അത്ര വലിയ കഥാപാത്രങ്ങള്‍ ഒന്നും ഞാന്‍ സിനിമയില്‍ ചെയ്തിട്ടില്ല. പക്ഷേ സിനിമയില്‍ നല്ലയൊരു കരിയര്‍ ഉണ്ടാക്കിയ നടിമാരെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണത ഉണ്ടാവുന്നു! അതുപോലെ അമ്മയില്‍ അംഗങ്ങളായിട്ടുള്ള നടിമാരെയും നടന്മാരെയും കുറിച്ചും മോശമായ രീതിയിലാണ് ചിത്രീകരിക്കുന്നത്. അതും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. ചിലര്‍ക്ക് അമ്മ സംഘടന മൊത്തത്തില്‍ പിരിച്ചുവിടണമെന്നാണ് അഭിപ്രായം.
പറയുന്നവര്‍ക്ക് ഒറ്റ വാക്കില്‍ അങ്ങ് പറഞ്ഞ് പോയാല്‍ മതി! അമ്മയിലെ ഒരു മാസത്തെ പെന്ഷന് നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്! ഈ ഒരു കാര്യം പറഞ്ഞതിന്റെ പേരില്‍ എന്നെ മോശക്കാരിയായി ചിത്രീകരിക്കുമെന്നും ഞാന്‍ ഭയപ്പെടുന്നു. ഒരുപാട് ആരോപണങ്ങളും ഇപ്പോള്‍ വരുന്നുണ്ട്. ആരോപണങ്ങളില്‍ സത്യമായിട്ടുള്ളതെല്ലാം ശിക്ഷ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ വ്യാജമായ ആരോപണങ്ങളുണ്ടെങ്കില്‍ അതിലും നടപടികളുണ്ടാകണം. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ! അതല്ലേ അതിന്റെ ന്യായം.