
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിലുണ്ട്.
കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും ന്യൂറോ വിഭാഗത്തില്‍ ചികിത്സ തേടിയ രജനിക്ക് നല്‍കിയത് മനോരോഗ ചികിത്സയാണെന്നും കാണിച്ച് ഭര്‍ത്താവ് ഗിരീഷ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് മരിച്ചത്. നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി കല്ലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നവംബര്‍ നാലിന് വൈകീട്ടോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്നാണ് ആരോപണം. മൂന്ന് ദിവസം അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ വേദനകൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് രജനിയെ പരിശോധിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
ഇതിനിടെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയും ഏഴാം തീയതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഇവിടെവച്ച് ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
