
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മുന്നിലെത്താന്‍ നേതാക്കളുടെ മത്സരം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലായിരുന്നു ചടങ്ങില്‍ ഉദ്ഘാടകന്‍. നാടമുറിച്ച് ഉദ്ഘാടനം ചെയ്യേണ്ട സമയമായപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പോലും മുന്‍ നിരയില്‍ എത്താന്‍ കഴിഞ്ഞില്ല.
നേരത്തെ തന്നെ സ്ഥാനം പിടിച്ച കെ സി അബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുകിട സ്ഥലം നല്‍കാതിരുന്നതോടെയാണ് ഉദ്ഘാടനം തിക്കിലും തിരക്കിലും കലാശിച്ചത്. പ്രതിപക്ഷ നേതാവിനെ മുന്‍ നിരയിലെത്തിക്കാന്‍ കല്‍പ്പറ്റ എംഎല്‍എ കൂടിയായ ടി സിദ്ധിഖ് നടത്തുന്ന ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
കത്രിക സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് വയനാട്ടിലെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത് എന്നുള്‍പ്പെടെയാണ് ഉയരുന്ന വിമര്‍ശനം. കെസി അബുവിന്റെ നില്‍പ്പിനോട് എതിരിടാന്‍ ടി സിദ്ധിഖിന്റെ പേശിബലത്തിന് കഴിയുന്നില്ലെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കാലമെത്രമാറിയാലും കോണ്‍ഗ്രസിലെ ഇത്തരം പ്രവണകള്‍ അവസാനിക്കില്ലെന്നാണ് മറ്റു ചിലരുടെ വാദം.
അതേസമയം, മുന്‍നിരയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമം ചര്‍ച്ചകളില്‍ നിറയുന്നതിന് ഒപ്പം കെ മുരളീധരന്റെ അസാന്നിധ്യവും ശ്രദ്ധേയമായി. ലീഡര്‍ കെ. കരുണാകരന് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍നിന്നാണ് മകന് കൂടിയായ കെ മുരളീധരന് വിട്ടുനിന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ചാണ് നാലുനില മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. ലീഡര്‍ കെ. കരുണാകരന് സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ കെ. കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടേയും അര്‍ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.
