കുന്ദമംഗലം: കോഴിക്കോട് എൻ.ഐ.ടിക്കു മുന്നിൽ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു. എൻ.ഐ.ടി. അധികൃതരും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിൽ, നിലവിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തുടരാൻ അനുമതി നൽകണമെന്ന ആവശ്യം അധികൃതർ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ശുചീകരണ തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരുമാണ് സമരം നടത്തിയത്.
ജൂലൈ മുതൽ 55 വയസ് കഴിഞ്ഞവരെ ജോലിക്കു വയ്ക്കേണ്ടെന്ന നിർദേശമാണ് റജിസ്ട്രാർ കരാർ കമ്പനികൾക്ക് നൽകിയത്. 80 ശതമാനം പേർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ തിങ്കളാഴ്ച മുതൽ ജീവനക്കാർ സമരം ശക്തമാക്കുകയായിരുന്നു.
റജിസ്ട്രാറുടെ നിർദേശപ്രകാരം കരാർ കമ്പനിക്കാർ പുതിയ ആളുകളെ നിയമിച്ചെങ്കിലും ഇവരെ കാമ്പസിൽ പ്രവേശിക്കാൻ സമരം ചെയ്യുന്നവർ അനുവദിച്ചിരുന്നില്ല.
ഇന്ന് രാവിലെയും പുതിയ ജീവനക്കാരെ ഗെയ്റ്റിന് മുന്നിൽ തടഞ്ഞു. ഇതോടെ സംഘർഷമായി. 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീവനക്കാർക്ക് പിന്തുണയുമായി രാഷ്ട്രീയപ്പാർട്ടികളും എത്തിയതോടെ എൻ.ഐ.ടി. അധികൃതർ ചർച്ചയ്ക്ക് തയാറായി. സമരസമതി ചെയർമാൻ വിനോദ് കുമാർ, ദിനേശ് പെരുമണ്ണ എന്നിവർ എൻ.ഐ.ടി. അസിസ്റ്റന്റ് റജിസ്ട്രാർ രമേശ്, ഡയറക്ടറുടെ പി.എ. വി.കെ.ശ്രീറാം എന്നിവരുമായി ചർച്ച നടത്തി.
പ്രായ നിബന്ധനയ്ക്കു പുറമെ ജോലിയിൽ 35 ശതമാനം വിമുക്തഭടന്മാർക്കും 10 ശതമാനം വനിതകൾക്കും മാറ്റിവെക്കാനും ആവശ്യപ്പെട്ടതോടെയാണ് നിലവിലുള്ള 80 ശതമാനം പേർക്കും ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടായത്. നേരത്തെ സെക്യൂരിറ്റി ജീവനക്കാർക്കും ശുചീകരണ തൊഴിലാളികൾക്കും 60 വയസ്സു വരെ ജോലിയിൽ തുടരമായിരുന്നു.