ദുബായ്: ഐപിഎൽ മത്സരത്തിനായി ദുബായിലെത്തിയ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അംഗമായ ഇന്ത്യൻ ദേശീയതാരത്തിനാണ് രോഗം കണ്ടെത്തിയത്. ഇതുകൂടാതെ ചെന്നൈ സൂപ്പർകിങ്സിന്റെ 12 സ്റ്റാഫിനും രോഗം കണ്ടെത്തിയിട്ടുണ്ട്. ചെന്നൈ ടീമിലുള്ള ഇന്ത്യൻ പേസർക്കാണ് രോഗമെന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഓഗസ്റ്റ് 21 ന് ദുബായിൽ വന്നിരുന്നു. നിർബന്ധിത ആറ് ദിവസത്തെ ക്വറന്റീനുശേഷം പരിശീലനവും ആരംഭിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സിഎസ്കെയിൽ നിന്നോ ബിസിസിഐയിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ടീമിനെയെല്ലാം ക്വാറന്റീൻ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച ഒരുതവണകൂടി പരിശോധനയ്ക്ക് വിധേയമാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം കണ്ടെത്തിയവരിൽ സോഷ്യൽ മീഡിയ ടീമിലെ ഒരു അംഗവും രണ്ട് നെറ്റ് ബൌളർമാരും ഉൾപ്പെടുന്നു. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടീം അംഗങ്ങൾക്ക് ചെന്നൈയിലെ പരിശീലന ക്യാമ്പിൽ വൈറസ് ബാധിച്ചിരിക്കാമെന്നാണ് അനുമാനം.