ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്ന്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസത്തിനിടെ 11,039 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ കേരളത്തിൽ നിന്നു മാത്രം 5716 കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 1,07,77,284 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1,04,62,631 പേർ രോഗമുക്തി നേടി. നിലവിൽ 1,60,057 പേരാണ് ചികിത്സയിൽ തുടരുന്നത്.
രോഗമുക്തി നേടുന്നവരുടെ നിരക്ക് കൂടുന്നത് മരണനിരക്ക് കുറഞ്ഞു നിൽക്കുന്നതുമാണ് രാജ്യത്ത് ഏറെ ആശ്വാസം പകരുന്ന കാര്യം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 110 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,54,596 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്സിനേഷൻ ദൗത്യത്തിലും രാജ്യം മുന്നിൽ തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യം എന്നു വിശേഷിപ്പിച്ചാണ് ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. ഡിസബംർ 17ന് ആരംഭിച്ച ഒന്നാം ഘട്ടത്തിൽ ഇതുവരെ 41,38,918 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.