കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിനെ കൊലപാതകം നടന്ന വീടിന്റെ പരിസരത്ത് എത്തിച്ചുള്ള തെളിവെടുപ്പ് തുടരുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കൂടി കണ്ടെത്താനുണ്ട്. ഇതിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.
കോട്ടയം സിഎംഎസ് കോളേജിന് പരിസരത്തുനിന്നും 200 മീറ്റര്‍ മാറി അര്‍ത്തൊട്ടി തോട്ടിലാണ് ഇപ്പോള്‍ പോലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയുടെ മൊഴി പ്രകാരം, അമിത് കോട്ടയത്തുനിന്നും ഓട്ടോയില്‍ കയറി തിരുവാതുക്കല്‍ എത്തി. ഇവിടെനിന്നും 150 മീറ്റര്‍ ദൂരം മാത്രമാണ് കൊലപാതകം നടന്ന വീട്ടിലേക്കുള്ളത്. ഇവിടേക്ക് നടന്നെത്തി കൊലപാതകം നടത്തിയ ശേഷം തിരിച്ച് കോട്ടയത്തേക്കും നടന്നാണ് പ്രതി പോയത്.
കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലേക്ക് നടക്കുന്നതിനിടെയാണ് പ്രതി കൈയിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ തോട്ടില്‍ ഉപേക്ഷിച്ചത്. പ്രതിയുടെ പക്കല്‍ പത്തോളം ഫോണുകളും ഇരുപതോളം സിം കാര്‍ഡുകളും ഉണ്ട്, എന്നിട്ടും എന്തുകൊണ്ട് ഈ രണ്ട് ഫോണുകള്‍ മാത്രം ഉപേക്ഷിച്ചു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ഉപേക്ഷിക്കാന്‍ തക്കതായ എന്തെങ്കിലും തെളിവുകള്‍ ഈ ഫോണുകളില്‍ ഉണ്ടായിരുന്നിരിക്കാം എന്നതാണ് പോലീസ് സംശയിക്കുന്നത്.
കൊലപാതകം നടത്തുന്നതിനായി അമിത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ഈ ഫോണുകളില്‍ നിന്നും ലഭിക്കും എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അമിത് നിലവില്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് ഉപേക്ഷിച്ചത്. സിസിടിവിയുടെ ഡിവിആര്‍ തോട്ടില്‍ എറിഞ്ഞതുമുതലുള്ള മറ്റെല്ലാ കാര്യങ്ങളിലും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
കൊലപാതകം നടത്തിയ ശേഷം തന്റെ സാധനങ്ങളെല്ലാം എടുത്ത് തൃശ്ശൂരിലുള്ള സഹോദരന്റെ അടുത്തേക്കാണ് പ്രതി പോയത്. ഇവിടെനിന്നാണ് പോലീസ് അമിതിനെ പിടികൂടിയത്. കൊലപാതകം നടന്ന വീടിന്റെ 300 മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തിയത്. മൊബൈലും ഇവിടെതന്നെ ഉപേക്ഷിച്ചതായാണ് പ്രതിയുടെ മൊഴി.
