ബംഗളൂരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി മംഗളൂരു പൊലീസ്. ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബാങ്ക് കവര്‍ച്ചാ കേസ് പ്രതിയായ മുംബൈ സ്വദേശി കണ്ണന് മണിയെയാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
തെളിവെടുപ്പിനായി കെസി റോഡില്‍ എത്തിച്ചപ്പോഴാണ് പൊലീസിനെ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തി രക്ഷപ്പെടാനാണ് ഇയാള്‍ ശ്രമിച്ചത്. പ്രതിയുടെ കാലില്‍ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കാലിനു പരുക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തില്‍ പരുക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉള്ളാള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണ എച്ച്എന്‍, പൊലീസുകാരായ അഞ്ജനപ്പ നിതിന്‍ എന്നിവര്‍ക്കാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. എസ്ഐ തള്ളിയിട്ട് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് മുകളിലോട്ട് വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതി പൊലീസുകാരെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ കാലില്‍ വെടിവച്ച് വീഴ്ത്തിയത്.
മുംബൈ, തമിഴ്നാട് എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവാണ് വെടിയേറ്റ കണ്ണന് മണി. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.പിടികൂടിയപ്പോള്‍ പ്രതികളുടെ കയ്യില്‍നിന്ന് ഒരു വാളും രണ്ടു തോക്കുകളും മോഷ്ടിച്ച സ്വര്‍ണത്തിന്റെയും പണത്തിന്റെയും ഒരു പങ്കും കണ്ടെടുത്തിരുന്നു.
ജനുവരി 17ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കില്‍ പട്ടാപ്പകല്‍ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വര്‍ണവും 5 ലക്ഷം രൂപയുമാണ് കണ്ണന് മണിയും സംഘവും കൊള്ളയടിച്ചത്. ബാങ്ക് ജീവനക്കാരെ തോക്കിന്മുനയില് നിര്‍ത്തി ആയിരുന്നു മോഷണം.