മനാമ: കൊറിയൻ ഭാഷ പ്രസംഗ മത്സരത്തിൽ ബഹ്റൈൻ വിദ്യാർഥിനി സഹ്റ ജാഫർ അലി മുഹമ്മദ് ഹുസൈൻ അൽ സഫി ഒന്നാം സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 76 രാജ്യങ്ങളിൽ നിന്നുള്ള 1,918 മത്സരാർത്ഥികളെ തോൽപ്പിച്ചാണ് 19 കാരിയായ ബഹ്റൈൻ വിദ്യാർത്ഥി വിജയം നേടിയത്. ബ്രിട്ടീഷ് യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ വിദ്യാർത്ഥിനിയാണ് സഹ്റ ജാഫർ. 10 പേരാണ് ഫൈനലിൽ മത്സരിച്ചത്. 25 കാരനായ ഒരു തുർക്കി വിദ്യാർത്ഥിക്കാണ് രണ്ടാം സ്ഥാനം. ‘ഞാൻ കണ്ട കൊറിയക്കാരും കാണാനിരിക്കുന്ന കൊറിയക്കാരും’ എന്ന വിഷയത്തിലാണ് മത്സരം നടന്നത്. കൊറിയൻ സാംസ്കാരിക, കായിക, ടൂറിസം മന്ത്രാലയത്തിന്റെയും കിംഗ് സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിലാണ് കൊറിയൻ പ്രസംഗ മത്സരം നടക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൊറിയൻ ഭാഷയുടെ പഠനത്തെ സ്വാധീനിച്ച കൊറിയൻ ജനതയുടെയും സംസ്കാരത്തിന്റെയും മൂന്ന് സവിശേഷതകൾ സഹ്റ വിവരിച്ചു. മറ്റുള്ളവരെ അഭിനന്ദിക്കാനുള്ള കൊറിയക്കാരുടെ മനസ്സ് അവളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതെങ്ങനെയെന്ന് അവർ വിവരിച്ചു. ഒന്നും സംസാരിക്കാതെതന്നെ മറ്റുള്ളവരുടെ മാനസിക, ശാരീരികാവസ്ഥകൾ വായിച്ചെടുക്കാനുള്ള കഴിവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് മറ്റു സവിശേഷതകൾ.
മത്സരത്തിലെ ഫൈനലിസ്റ്റുകൾക്ക് അടുത്ത വർഷം മുതൽ രാജ്യത്തുടനീളമുള്ള എട്ട് സർവകലാശാലകളിൽ ഒന്നിൽ പഠിക്കാനുള്ള അവസരം നൽകുന്നു. ബഹ്റൈനിലെ കൊറിയൻ എംബസി നടത്തുന്ന മനാമ കിംഗ് സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സെഹ്റ കൊറിയൻ ഭാഷ പഠിച്ചത്. 2016 ൽ ആണ് സെഹ്റ കൊറിയൻ പഠനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 90 സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന മികച്ച മത്സരാർത്ഥികളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. കോവിഡ് -19 മൂലം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം ഓൺലൈനിലാണ് ഫൈനൽ നടന്നത്.