
പത്തനംതിട്ട: രണ്ട് തൊഴിലാളികളുടെ ജീവനെടുത്ത കോന്നി പാറമട അപകടമുണ്ടായി 10 ദിവസം ആകുമ്പോഴും തുടർ നടപടിയെടുക്കാതെ പൊലീസ്. മതിയായ സുരക്ഷയില്ലാതെയാണ് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതെന്ന് തൊഴിൽ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പരിധി വിട്ടുള്ള പാറഖനനത്തിലും പഞ്ചായത്ത് ഭൂമി കയ്യേറിയതിലും തുടർനടപടി എടുക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
ഇതരസംസ്ഥാന തൊഴിലാളികളായ മഹാദേവിന്റെയും അജയ് റായിയുടെയും ജീവനെടുത്ത അപകടം. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇരുവരെയും ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നിയോഗിച്ചതെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കളക്ടർ വിളിച്ച അവലോകന യോഗത്തിൽ തുടനടപടിക്കായി റിപ്പോർട്ട് കോന്നി പൊലീസിന് കൈമാറുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷവും അസ്വാഭാവിക മരണത്തിന് പൊലീസ് ആദ്യമെടുത്ത എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. ചെങ്കുളത്ത് ക്വാറി ഉടമകളെ പ്രതിചേർത്തില്ല. ജിയോളജി ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ റിപ്പോർട്ട് കൂടി ലഭിച്ചാലെ തുടർനടപടി സാധ്യമാകൂവെന്നാണ് പൊലീസ് നിലപാട്. പഞ്ചായത്ത് റോഡ് കയ്യേറി ഗേറ്റ് സ്ഥാപിച്ചതിൽ ഉൾപ്പെടെ നാട്ടുകാർ നിരവധി പരാതികൾ നൽകിയിരുന്നു. അപകടശേഷം കോന്നി പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം അളന്നു പോയതാണ്. ഒരു നടപടിയും പിന്നീട് ഉണ്ടായില്ല.
ലൈസൻസ് പ്രകാരം അനുവദിച്ചതിലും കൂടുതൽ ഖനനം ചെങ്കുളത്ത് ക്വാറിയിൽ നടക്കുന്നുണ്ടെന്ന പരാതിയും നാട്ടുകാർ ഉന്നയിച്ചിരുന്നു. എന്നാൽ പരാതികളിൽ സമഗ്രമായ അന്വേഷണത്തിന് അടൂർ ആർഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടി സാധ്യമാകൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉദ്യോഗസ്ഥ ഒത്തുകളി ആരോപിച്ച് വീണ്ടും ജനകീയ സമരം തുടങ്ങാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
