തൃശ്ശൂർ: കൊടകരകവർച്ചാ കേസിൽ രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താനുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ മാത്രം വിളിപ്പിക്കുന്ന വിചിത്രമായ അന്വേഷണമാണിത്. ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്വേഷണവുമായി സഹകരിക്കുന്നത്. സ്വർണ്ണ- ഡോളർക്കടത്ത് കേസിൽ പ്രതിരോധത്തിലായ പിണറായി സർക്കാർ ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുകയാണ്. പരാതിക്കാരൻ്റെ ഫോൺ രേഖ നോക്കി ആളുകളെ തെളിവെടുപ്പിന് വിളിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തത്. പ്രതികളുടെ ഫോൺരേഖ പരിശോധിച്ചാൽ ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്ത് വരും. കൊടകരയിൽ കവർന്ന പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗവർണർക്ക് നിരാഹാര സമരം നടത്തേണ്ടി വന്നത് കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ്. സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലാണ്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനമായി കേരളം മാറി. ദേശീയതലത്തിൽ പോലും കേരളത്തിലെ സ്ത്രീപീഡനങ്ങൾ ചർച്ചയാവുകയാണ്. ജീവിക്കാൻ മറ്റൊരു വഴിയുമില്ലാത്ത വ്യാപാരികൾ കട തുറക്കാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രി അവരെ ഭീഷണിപ്പെടുത്തുകയാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധം അശാസ്ത്രീയമാണെന്ന് ഐഎംഎ ഉൾപ്പെടെ പറഞ്ഞതാണ്. വ്യാപാരികൾ കട തുറക്കുകയാണെങ്കിൽ ബിജെപി അവരെ സഹായിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.