കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ അനുമതി നൽകിയതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് രാവിലെ മുതൽ രാജ്യത്തേക്ക് വിമാന സർവീസ് ആരംഭിച്ചു. യുഎഇ എയർലൈൻസും എയർ അറേബ്യയും എമിറേറ്റ്സും വ്യാഴാഴ്ച ഓരോ സർവീസ് നടത്തി.
എയർ അറേബ്യ വിമാനം 69 യാത്രക്കാരുമായി ഷാർജയിലേക്കും എമിറേറ്റ്സ് 99 യാത്രക്കാരുമായി ദുബായിലേക്കും സർവീസ് നടത്തി. കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ എന്നിവയുടെ സേവനം ഏകോപിപ്പിക്കാനായതാണ് ആദ്യദിനം തന്നെ രാജ്യാന്തര പുറപ്പെടൽ സാധ്യമാക്കിയതെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.
നിലവിൽ ലഭ്യമായ സമയക്രമം അനുസരിച്ച് എയർ അറേബ്യ പ്രതിദിനം രണ്ട് സർവീസ് നടത്തും. ഒരു വിമാനം ഉച്ചയ്ക്ക് 3.30നു വന്ന് 4.40നു മടങ്ങും. രണ്ടാമത്തേതു വൈകീട്ട് 6.40നു വന്ന് 7.20നു മടങ്ങും. എമിറേറ്റസ് ദിവസവും സർവീസുകൾ നടത്തും. രാവിലെ 8.44നു വന്ന് 10.30നു മടങ്ങുന്നതാണു ഷെഡ്യൂൾ. ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവയും ഉടനെ സർവീസുകൾ ആരംഭിക്കും.
അനുവദിച്ച ഇളവുകൾ അനുസരിച്ച്, യുഎഇയില്‍ നിന്നു തന്നെ കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുമതി. യുഎഇ അധികൃതര്‍ അംഗീകരിച്ച വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. ക്യൂ.ആര് കോഡ് ഉള്ള കൊവിഡ് ആര്.ടി പി.സി.ആര് പരിശോധനാ ഫലം – അംഗീകൃത ലാബുകളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ സാമ്പിള്‍ കൊടുത്ത് പരിശോധിച്ചതായിരിക്കണം. വിമാനത്താവളത്തില്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് പി.സി.ആര് പരിശോധനാ ഫലം ഉണ്ടായിരിക്കണം. യുഎഇയിലെത്തിയ ശേഷം ആര്.ടി. പി.സി.ആര് പരിശോധന നടത്തണം. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം.
യാത്രയ്ക്ക് മുമ്പ് ദുബൈ വിസയുള്ളവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ അനുമതിക്കായി https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഓഗസ്റ്റ് അഞ്ചിന് മുമ്പ് ലഭിച്ച യാത്രാ അനുമതികള്‍ അംഗീകരിക്കില്ല. ഓഗസ്റ്റ് അഞ്ചിനോ അതിന് ശേഷമോ ഉള്ളത് അനുമതിയാണ് ആവശ്യം. മറ്റ് എമിറേറ്റുകളിലെ വിസയുള്ളവര്‍ ഐ.സി.എ അനുമതിക്കായി smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.