തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷൻ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ കേരളത്തിനകത്തും പുറത്തും നിന്നുമായി 900 ഉദ്യോഗാർഥികളും 104 തൊഴിൽ ദാതാക്കളും പങ്കെടുത്തു. ഇതിൽ 668 ഉദ്യോഗാർത്ഥികൾ വിവിധ കമ്പനികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി കെ-ഡിസ്ക് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം. സലീം അറിയിച്ചു. പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന തൊഴിൽ മേള ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്.
പ്രമുഖ കമ്പനികളായ ടി.സി.എസ്, ഐ.ബി.എസ്, യു എസ് ടി ഗ്ലോബൽ, ടാറ്റാ, ലെക്സി, നിസാൻ, എസ് ബി ഐ ലൈഫ്, എച്ച്.ഡി.എഫ്.സി, ക്വസ് കോർപ്പ്, ഐ സി ഐ സി ഐ, എസ് എഫ് ഒ, ടൂൺസ് എന്നിവരാണ് റിക്രൂട്ട്മെന്റിനെത്തിയത്.
വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും തൊഴിൽമേളകൾ നടക്കും. ആദ്യഘട്ടത്തിൽ 10,000 പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് മേളകളുടെ ലക്ഷ്യം. ഉദ്യോഗാർത്ഥികൾക്ക് കേരള നോളജ് മിഷന്റെ https://www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാവുന്നതാണ്.