മനാമ: കെ.എം.സി.സി ബഹ്റൈൻ വയനാട് ജില്ല കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മേയ് രണ്ടിന് രാത്രി ഏഴിന് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നിർവഹിക്കും.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് എ. ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ വയനാട് ജില്ലയിൽ മുഖമുദ്ര പതിപ്പിച്ച വയനാട് ജില്ല കമ്മിറ്റി നിരവധി കർമപദ്ധതികളുമായാണ് പ്രവർത്തന ഉദ്ഘാടനത്തിലേക്ക് പ്രവേശിക്കുന്നത്. അഞ്ഞൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബഹ്റൈനിലെ മത സാമൂഹിക സാംസ്കാരിക മേഖലയിലുള്ള പ്രഗത്ഭരും സംബന്ധിക്കും. ഇതോടനുബന്ധിച്ച് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ വെള്ളികുളങ്ങര, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ല പ്രസിഡന്റ് റിയാസ് പന്തിപൊയിൽ, ജനറൽ സെക്രട്ടറി ആർ.കെ. ഷമീം കുഞ്ഞോം, ട്രഷറർ അനസ് പനമരം, ഓർഗനൈസിങ് സെക്രട്ടറി സഫീർ നിരവിൽ പുഴ, വൈസ് പ്രസിഡന്റുമാരായ ഹുസൈൻ മുട്ടിൽ, മുഹ്സിൻ മന്നത്ത്, ഷഫീഖ് ആർ.വി, നിഷാദ് വടുവഞ്ചാൽ, സെക്രട്ടറിമാരായ ഫത്ഹുദ്ദീൻ മേപ്പാടി, ഷാഫി ബത്തേരി എന്നിവർ പങ്കെടുത്തു.