വടകര: കരുത്തരായ സ്ഥാനാർഥികളെ നേരിടാനാണ് ഇഷ്ടമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് സിപിഎം കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽനിന്ന് കോൺഗ്രസിനു വേണ്ടി കെ.മുരളീധരൻ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ‘‘കരുത്തരെ നേരിടാനാണ് എനിക്കിഷ്ടം. ടീച്ചറാണ് വരുന്നതെങ്കിൽ കരുത്തുള്ള സ്ഥാനാർഥിയാണ്. സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ മത്സരം നടന്ന് ജയിച്ചുവരാൻ സാധിക്കും’’ – മുരളീധരൻ പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. ‘‘വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ സർക്കാരിനു സാധിക്കുന്നില്ല. സ്വന്തം രക്ഷയ്ക്കായി സമരം ചെയ്യുന്നവരെ കേസിൽ പ്രതികളാക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ രീതിയിലാണ് സർക്കാർ പെരുമാറുന്നതെങ്കിൽ അതിശക്തമായ സമരം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. നാട്ടിലിറങ്ങുന്ന ആനകളെ കൂട്ടിലടയ്ക്കണം. എല്ലാവർക്കും മൃഗങ്ങളോട് സ്നേഹമുണ്ട്. പക്ഷേ, എല്ലാം മൃഗങ്ങൾക്കു വിട്ടുകൊടുക്കാനാകില്ല. കൃഷിക്കാർക്കു സംരക്ഷണം വേണം. സർക്കാർ കൃഷിക്കാരെയാണ് സംരക്ഷിക്കേണ്ടത്. കാട്ടുമൃഗങ്ങൾ നാട്ടിൽ വന്നാൽ സന്ദർഭമനുസരിച്ച് കൈകാര്യം ചെയ്യണം. മൃഗങ്ങൾക്കു സംരക്ഷണം, ജനങ്ങൾക്ക് രക്ഷയില്ലെന്ന് പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. ജനവികാരം സർക്കാർ മനസ്സിലാക്കണം’’ – മുരളീധരൻ പറഞ്ഞു.