കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി പോരാടുന്ന ഹർഷിനക്ക് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പിന്തുണ. വേദന അനുഭവിച്ചവരുടെ കൂടെയാണ് സർക്കാരെന്നും, കാര്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി ഉടൻ എടുക്കുമെന്നും കെകെ ശൈലജ അറിയിച്ചു. പെട്ടെന്ന് ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാനാകുന്ന കാര്യമല്ല. സർക്കാർ ഉചിതമായ നടപടി കൈകൊള്ളുമെന്നും ശൈലജ വിശദീകരിച്ചു.
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട് ഡോക്ടർമാരെയും നഴ്സുമാരെയും കേസിൽ പ്രതികളാക്കും. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്സുമാരേയുമാണ് കേസിൽ പ്രതികളാക്കുന്നത്. നിലവിൽ പ്രതി സ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കും. ഇതിനായി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകും.