ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശം വിവാദത്തിൽ. പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ കീർത്തി ആസാദ് ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു.
മേഘാലയയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പരമ്പരാഗത വസ്ത്രം ധരിച്ച് മോദി എത്തിയതിനെതിരെയായിരുന്നു ആസാദിന്റെ പരാമർശം. “സ്ത്രീയുമല്ല പുരുഷനുമല്ല, അദ്ദേഹം ഒരു ഫാഷൻ പുരോഹിതൻ മാത്രമാണ്,” എന്നാണ്
പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ആസാദ് ട്വീറ്റ് ചെയ്തത്. പരാമർശം ചർച്ചാവിഷയമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ആസാദ് പ്രധാനമന്ത്രിയെ പരിഹസിക്കുക മാത്രമല്ല, മേഘാലയയുടെ സംസ്കാരത്തെയും ഗോത്ര വസ്ത്രധാരണത്തെയും അവഹേളിക്കുകയുമാണ് ചെയ്തതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.