
മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ ഫസ്റ്റ് ഫെസ്റ്റിവല്‍ 2026ല്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു.
വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു. പൊതു, സ്വകാര്യ സ്കൂളുകളില്‍നിന്നുള്ള ഏകദേശം 30,000 വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു.
ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് അല്‍ മുഹറഖ് സെക്കന്‍ഡറി ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥി ഖാലിദ് അബ്ദുള്‍ഗാനി ഹുമൂദ് വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ പാരായണം ചെയ്തു.
ഫെസ്റ്റിവലിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം രാജ്യത്തോടുള്ള അവരുടെ വിശ്വസ്തതയും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതാണെന്ന് ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ രാജാവ് പറഞ്ഞു. രാഷ്ട്രം എല്ലാ ജനങ്ങളുടെയും പരമാവധി പരിശ്രമം അര്‍ഹിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനപരവും വ്യക്തിപരവുമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിച്ചു. അറിവിലൂടെയും പഠനത്തിലൂടെയും ബഹ്റൈന്റെ വികസനത്തിന് പിന്തുണ നല്‍കുന്നതിന് തുടര്‍ച്ചയായ സമര്‍പ്പണബോധം പുലര്‍ത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഫെസ്റ്റിവലിന് രാജാവ് നല്കിയ പിന്തുണയെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രാജാവ് നല്കുന്ന പിന്തുണയും വിദ്യാഭ്യാസ വികസനത്തിനും അനുബന്ധ വികസന സംരംഭങ്ങള്‍ക്കും പിന്തുണ നല്കുന്നതില് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പങ്കും അദ്ദേഹം പരാമര്‍ശിച്ചു.


