
മനാമ: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി ബഹ്റൈന്റെ ജനാധിപത്യ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് ബഹ്റൈന്‍ പാര്‍ലമെന്റിനെയും ശൂറ കൗണ്‍സിലിനെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രശംസിച്ചു.
പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമും ഷൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹും രാജാവിനെ സാഖിര്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു പ്രശംസ. രണ്ടു സഭകളുടെയും ഡെപ്യൂട്ടി സ്പീക്കര്‍മാരും റോയല്‍ സ്പീച്ച് റെസ്പോണ്‍സ് കമ്മിറ്റി അംഗങ്ങളും അവരോടൊപ്പമുണ്ടായിരുന്നു.
ആറാമത്തെ പാര്‍ലമെന്റ് ടേമിന്റെ മൂന്നാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ രാജാവ് നടത്തിയ പ്രസംഗത്തോടുള്ള സഭകളുടെ പ്രതികരണം അവര്‍ രാജാവിന് മുന്നില്‍ അവതരിപ്പിച്ചു.
രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ വികസിപ്പിക്കുന്നതില്‍ ഇരുസഭകളും കൈവരിച്ച നേട്ടങ്ങളെ രാജാവ് പ്രശംസിച്ചു. വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിലും പാര്‍ലമെന്ററി വേദികളില്‍ ബഹ്റൈന്റെ ആഗോള സ്ഥാനം വര്‍ദ്ധിപ്പിക്കുന്നതിലും മറ്റു രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും പാര്‍ലമെന്റിന് പ്രധാന പങ്കുണ്ടെന്നും രാജാവ് പറഞ്ഞു.
