ബോക്സ് ഓഫിസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ ജവാന്. ആദ്യ ദിവസം തന്നെ 129 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിനോടകം 200 കോടി കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഷാരുഖിനെക്കുറിച്ചുള്ള സംവിധായകന് സഞ്ജയ് ഗുപ്തയുടെ കുറിപ്പാണ് ശ്രദ്ധനേടുന്നത്. അധോലോകത്തില്‍ നിന്ന് ഷാരുഖ് ഖാന് നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അധോലോകത്തോട് അടിയറവ് പറയാതിരുന്ന ഏക താരമാണ് ഷാരുഖ് എന്നും അദ്ദേഹം പറഞ്ഞു. 90കളിലാണ് അധോലോകം സിനിമാതാരങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചിട്ടുള്ളത്. എന്നാല്‍ ഷാരുഖ് ഖാന് മാത്രമാണ് ഇതിനോട് അടിയറവ് പറയാതിരുന്നിട്ടുള്ളത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവയ്ക്കാം, പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യില്ല, ഞാന്‍ പത്താനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴും അങ്ങനെ തന്നെയാണ്.- എക്സില്‍ ഗുപ്ത കുറിച്ചു.
ഷാരുഖ് ഖാനും അധോലോകവും തമ്മിലുള്ള പോരിനെക്കുറിച്ച് അനുപമ ചോപ്ര തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. 1997ലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഷാരുഖ് ഖാനെതിരെ വധഭീഷണി ഉയര്‍ന്നതോടെ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. അധോലോക നേതാവ് അബു സലിം താരത്തെ നേരിട്ട് വിളിച്ചാണ് ഭീഷണി മുഴക്കിയിട്ടുണ്ട്. താന്‍ പറയുന്ന നിര്‍മാതാവിനൊപ്പം അഭിനയിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. നിങ്ങള്‍ ആരെ വെടിവയ്ക്കണം എന്നു തീരുമാനിക്കുന്നത് ഞാന്‍ അല്ലല്ലോ, അതുപോലെ ആര്‍ക്കൊപ്പം ഞാന്‍ സിനിമ ചെയ്യണമെന്ന് നിങ്ങളും തീരുമാനിക്കേണ്ട എന്നായിരുന്നു എസ്ആര്‍കെയുടെ മറുപടി.