
മനാമ: ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡര്‍ കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ബഹ്റൈന്‍ വ്യോമസേനയുടെ (ആര്.ബി.എ.എഫ്) ആസ്ഥാനം സന്ദര്‍ശിച്ചു.
ഇസ വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) കമാന്‍ഡര്‍-ഇന്‍-ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ സ്വീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി, ആര്.ബി.എഎ.ഫ്. കമാന്‍ഡര്‍ എയര്‍ വൈസ് മാര്‍ഷല്‍ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു.
ബി.ഡി.എഫിന്റെ വിവിധ യൂണിറ്റുകളുടെയും ശേഷികളുടെയും തുടര്‍ച്ചയായ മെച്ചപ്പെടുത്തലിന്റെ ഭാഗമായി പുതുതായി വാങ്ങിയ ആഗോളതലത്തില്‍ ഏറ്റവും നൂതനമായവയില്പെട്ട യുദ്ധവിമാനങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് രാജാവ് സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന്, അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് സേനയെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള നിലവിലെ പദ്ധതികള്‍ ആര്.ബി.എ.എഫ്. കമാന്‍ഡര്‍ രാജാവിനോട് വിശദീകരിച്ചു.
ആര്.ബി.എ.എഫ്. ഉദ്യോഗസ്ഥരുടെ സമര്‍പ്പണത്തിനും പ്രൊഫഷണലിസത്തിനും രാജാവ് നന്ദി പറഞ്ഞു. രാജ്യത്തെയും അതിന്റെ പുരോഗതിയെയും പൗരരുടെ സുരക്ഷയെയും സംരക്ഷിക്കുക എന്ന ദേശീയ കടമ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ നിറവേറ്റുന്നതില്‍ മറ്റ് ബി.ഡി.എഫ്. യൂണിറ്റുകളിലെ സഹപ്രവര്‍ത്തകരോടൊപ്പം അവര്‍ നടത്തിയ യോജിച്ച ശ്രമങ്ങളെ രാജാവ് പ്രശംസിച്ചു. സൈന്യത്തില്‍ ബഹ്റൈന്‍ സ്ത്രീകളുടെ പങ്കിനെയും എല്ലാ മേഖലകളിലും ദേശീയ പുരോഗതിക്ക് അവര്‍ നല്കിയ സംഭാവനകളെയും രാജാവ് പ്രശംസിച്ചു.
