
മനാമ: ടുണിസിൽ നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ 42-ാമത് സെഷനിൽ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അറബ് സുരക്ഷയ്ക്കുള്ള (ഫസ്റ്റ് ക്ലാസ്) പ്രിൻസ് നായിഫ് അവാർഡ് നൽകി.
സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിലേക്ക് നയിക്കുന്ന മുൻനിര പ്രവർത്തനങ്ങളിൽ സംഭാവന നൽകിയ രാഷ്ട്രത്തലവന്മാർക്കും സർക്കാരുകൾക്കുമാണ് ഈ അവാർഡ് നൽകുന്നത്.
കാർത്തേജിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ച് ടുണീഷ്യൻ പ്രസിഡന്റ് കൈസ് സയ്യിദ് മന്ത്രിമാരെ സ്വീകരിച്ചു. സംയുക്ത അറബ് സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് സെഷനിലേക്കുള്ള ബഹ്റൈന്റെ പ്രതിനിധി സംഘത്തെ നയിച്ചത്. കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ് അധ്യക്ഷത വഹിച്ചു. മുൻ സെഷന്റെ പ്രസിഡന്റും ഖത്തറിന്റെ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയിൽ നിന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.
ടുണീഷ്യൻ പ്രസിഡന്റിന്റെ പ്രതിനിധിയുടെ പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. തുടർന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രിയും അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ ഓണററി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കോമാൻ എന്നിവർ പ്രസംഗിച്ചു.
