
മനാമ: ബഹ്റൈനില്‍ സമാധാന സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്നതിലും മനുഷ്യരാശിയുടെ കൂടുതല്‍ ഏകീകൃതവും സമൃദ്ധവുമായ ഭാവിക്കായി സഹിഷ്ണുതയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും യുവാക്കളെ സ്വാധീനമുള്ള നേതാക്കളാക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
‘കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഇന്‍ കോഎക്സിസ്റ്റന്‍സ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പുമായും 1928 ഇന്‍സ്റ്റിറ്റ്യൂട്ടുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. സമാധാന നിര്‍മ്മാതാക്കളായും സഹിഷ്ണുതയുടെ അംബാസഡര്‍മാരായും സമാധാനപരവും സുസ്ഥിരവുമായ സമൂഹങ്ങളുടെ വികസനത്തിന് സജീവമായി സംഭാവന നല്‍കുന്നവരായും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നേതൃത്വപരമായ കഴിവുകള്‍ യുവാക്കളെ സജ്ജരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
സഹിഷ്ണുത, ഐക്യം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ വിദ്യാഭ്യാസം, സംസ്കാരം, പരിശീലനം എന്നിവയ്ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
