മനാമ: കൈക്കൂലിക്കേസിൽ പിടിയിലായ കിങ് ഫഹദ് കോസ്വേ ഉദ്യോഗസ്ഥനായ 28കാരനെ ഏഴു വർഷം തടവിന് നാലാം ക്രിമിനൽ ഹൈകോടതി വിധിച്ചു. രണ്ടാം പ്രതിയും 42വയസുകാരനുമായ ക്ലിയറിങ് ഏജന്റിന് അഞ്ചു വർഷം തടവും മൂന്നാം പ്രതിയും 41വയസ് പ്രായമുള്ള ഏഷ്യൻ വംശജന് രണ്ടു വർഷം തടവും കോടതി വിധിച്ചു. 25 ഇടപാടുകൾക്കായി ഇവർ മൂന്നു പേർ ചേർന്ന് 12,000 ദീനാറാണ് കൈക്കൂലിയായി വാങ്ങിയത്.
കോസ്വേ വഴി വിസിറ്റിങ് വിസയുള്ളവർക്ക് കടന്നുപോകുന്നതിനാണ് കൈക്കൂലി വാങ്ങിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരിൽ പലരും രേഖകളുമായി പരിശോധനക്ക് വിധേയമായിട്ടില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഒന്നാം പ്രതി 12,210 ദീനാർ പിഴയായി അടക്കാനും കോടതി വിധിച്ചു. മൂന്നാം പ്രതിയുടെ ശിക്ഷ കാലാവധിക്കുശേഷം ബഹ്റൈനിലേക്ക് തിരികെവരാനാവാത്ത വിധം നാട്ടിലേക്ക് അയക്കാനും കോടതി വിധിച്ചിട്ടുണ്ട്.