കോട്ടയം. തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ട്വിസ്റ്റ്. കാണാതായെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും കാമുകനായ പ്രിന്റു പ്രസാദിനൊപ്പം സ്വമേധയാ പൊയതാണെന്നും യുവതി മൊഴി നൽകി.
പ്രിന്റോ പ്രസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവമെന്നാണ് തിരുമൂലപുരം സ്വദേശിയായ യുവതിയുടെ ഭർത്താവ് പൊലീസിൽ നൽകിയ പരാതി. ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രിന്റോ പ്രസാദും യുവതിയും തമ്മിൽ ഏറെക്കാലമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ യുവതി പ്രിന്റോയോടൊപ്പം പോയിരുന്നു. കുറേ ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങിയെത്തിയത്. ആറുമാസത്തിനിടെ രണ്ടുതവണ യുവതി പ്രിന്റുവിനൊപ്പം പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിക്കൊണ്ടുപോകൽ യുവതിയും പ്രിന്റും ചേർന്ന് നടത്തിയ നാടകം ആണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഭര്‍ത്താവ് സന്തോഷിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകുന്നത്.