മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്സിവൈഎസ്) പ്രഥമ വൈസ് പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ഖാലിദ് ബിൻ ഹമദ് ഇന്നൊവേഷൻ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരത്തിന്റെ മൂന്നാം പതിപ്പിനായി തയ്യാറെടുക്കാൻ സുപ്രീം സംഘാടക സമിതിക്ക് നിർദ്ദേശം നൽകി. മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ ബഹ്റൈൻ ടെക്നിക്കൽ കോളേജായ “ബഹ്റൈൻ പോളിടെക്നിക്” ഇത് സംഘടിപ്പിക്കുന്നത്. #Lets_innovate_for_the_future, എന്ന മുദ്രാവാക്യത്തിന് കീഴിൽ മാർച്ചിലാണ് മത്സരം ആരംഭിക്കുന്നത്.
ബഹ്റൈനിലെ വിദ്യാഭ്യാസ മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സുസ്ഥിര വികസനവും യുവാക്കൾക്കിടയിൽ ശാസ്ത്രമേഖലയിലെ സർഗ്ഗാത്മകവും നൂതനവുമായ കഴിവുകളെ വളത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മേഖലയിലെ വിദ്യാഭ്യാസ പ്രസ്ഥാനത്തെ സമ്പന്നമാക്കുന്നതിനും പുതുമകൾ അവതരിപ്പിക്കുന്നതിനുമായി ബഹ്റൈനിലും, ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.