മനാമ: 16 -മത് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് ബഹ്റൈനിലെ വ്യവസായി കെ.ജി ബാബുരാജ് അർഹനായി. സാമൂഹിക സേവനത്തിനാണ് അദ്ദേഹത്തിന് പ്രവാസി സമ്മാൻ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
പതിനാറാമത് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ബഹ്റൈനിൽ നിന്നും കെ.ജി ബാബുരാജിന് ലഭിച്ചു. സാമൂഹിക സേവനത്തിനാണ് പുരസ്കാരം ലഭിച്ചത്. രസതന്ത്രത്തിലും സിവിൽ എൻജിനീയറിങ്ങിലും ബിരുദം നേടിയ ബാബുരാജ് 1980 ലാണ് സൗദിയിലെത്തുന്നത്. ബ്രിട്ടീഷ് കമ്പനിയായ ഹാരി ടാഞ്ചർ ലിമിറ്റഡിന്റെയും സൌദി അറേബ്യയിലെ അൽ ഹോട്ടി കമ്പനിയുടെയും സംയുക്ത പ്രൊജക്ടിലായിരുന്നു അദ്ദേഹം ആദ്യം പ്രവർത്തിച്ചത്. വളരെ പെട്ടന്ന് തന്നെ രാജ്യത്തെ കെട്ടിട നിർമ്മാണം, റോഡുകൾ, പാലങ്ങൾ, റിഫൈനറികൾ, പവർസ്റ്റേഷനുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണമേന്മാ പരിശോധനയിൽ കെ ജി ബാബുരാജന്റെ നിഗമനങ്ങൾ അവസാന വാക്കായി.
ഇതേ കാരണം കൊണ്ട് തന്നെയായിരുന്നു ബഹ്റൈന്റെ വികസന കുതിപ്പിൽ എറ്റവും വലിയ പങ്ക് വഹിച്ച, ബഹ്റൈൻ സൌദി കോസ്വേ എന്ന 25 കി മി വരുന്ന കടൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും കെ ജി ബാബുരാജൻ പ്രധാന പങ്കാളിയായത്. ഇന്ന് ഗൾഫ് നാടുകളിൽ നിർമ്മാണ രംഗത്ത് ഏറ്റവും മികച്ച സംഭാവനകൾ നൽകിയ വ്യക്തികളിൽ പ്രധാനപ്പെട്ട പേരുകളിൽ ഒന്ന് കെ ജി ബാബുരാജന്റേതാണ്. കെട്ടിട നിർമ്മാണ രംഗത്തെ അവസാന വാക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അക്രിഡിറ്റേഷൻ സർവീസിന്റെ അംഗങ്ങളിൽ ഒരേയൊരു ഇന്ത്യക്കാരൻ കൂടിയാണ് കെ ജി ബാബുരാജൻ. ഇതുകൂടാതെ നിരവധി എഞ്ചിനീയറിംഗ് അസോസിയേഷനുകളുടെ സജീവ അംഗം കൂടിയാണിദ്ദേഹം. വർക്കല ശിവഗിരി മഠത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് പുറമെ നിരവധി സംഘടനകളുടെയും അവാർഡുകൾ നേടിയിട്ടുണ്ട്.
പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ അനന്യമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ. രാഷ്ട്രപതിയാണ് പുരസ്കാരം നൽകുന്നത്. വിദേശത്തുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഏറ്റവും വലിയ ആദരവാണ് പ്രവാസി സമ്മാൻ പുരസ്കാരങ്ങൾ.
വിദേശ ഇന്ത്യക്കാർ, ഇന്ത്യൻ വംശജർ, സംഘടനകൾ അല്ലെങ്കിൽ വിദേശ ഇന്ത്യക്കാർ, ഇന്ത്യൻ വംശജരായ വ്യക്തികൾ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനങ്ങൾ എന്നിവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം 2003 മുതൽ എല്ലാവർഷവും നൽകിവരുന്നത്